Tuesday, October 5, 2010

ചായ

ഞാൻ
ചായകുടിച്ച്
തീർക്കുന്നതുപോലെ
എന്നെയുമാരോ
കുടിച്ചു വറ്റിക്കുന്നുണ്ട്
ആരാണെങ്കിലും
തീരുമ്പോൾ
ഗ്ലാസ്
ഒന്നുകഴുകി വെച്ചേക്കണേ!

Thursday, August 19, 2010

ദിവസം

അറക്കവാളിലൂടെ
കാലം
നിയന്ത്രിത വേഗത്തിൽ
വായ്ത്തലതിളക്കി
ചുറ്റിയോടിയിരിക്കെ
അറവുമേശയിൽ
പുറം കറുത്ത
അകം വെളുത്ത
തടിക്കഷണം
പിളർന്നുവീഴുമ്പോഴേ അറിയൂ
നടുവിലൂടെ വാൾ പോയതും
ഒരു ദിവസം കഴിഞ്ഞതും.

Friday, June 25, 2010

കമ്പുകള്‍

ഐസ്സ് ഈമ്പി ഈമ്പി
കമ്പോളമെത്തി
കമ്പോളത്തില്‍
നിന്നുനോക്കിയാല്‍ കാണാം
കുരിശ്ശടിക്കുമേലെയും
പിന്നിലുമായി
ഐസ്സ് തീര്‍ന്നുപോയ
ഈരണ്ട് കമ്പുകള്‍

Tuesday, June 15, 2010

മിണ്ടാട്ടം

വിരലില്ലാതെ തൊടും,
ഒച്ചയില്ലാതെ മിണ്ടും,
നീയും ഞാനുമറിയില്ല.
എന്തേ എന്ന് തിരിഞ്ഞ് നീയും
എന്തോ എന്ന് കേട്ട് ഞാനും
നിർത്തിയിട്ടിരിക്കുന്ന ബസ്സിന്റെ
ബോർഡ് വായിക്കും.

Tuesday, June 1, 2010

മിനുസം

മിനുസപ്പെട്ട്
മിനുസപ്പെട്ട്
ഉമ്മറത്ത്
അലങ്കാരത്തിനോ
തറയിലോ
വിരിച്ചിടാമെന്നായി

ഈ മിനുക്കം
ഇങ്ങനെ തുടർന്നാൽ
ഒന്നു തെന്നിവീഴാൻ പോലും
ആരും വരാതായാൽ
എവിടെ വിരിച്ചിടും
എവിടെ കിടത്തും
ഈ മിനുസങ്ങളെ?

Sunday, May 30, 2010

കുഴികൾ

റ്റക്കുഴിയെ
ശവക്കുഴി
എന്നുവിളിച്ചിട്ട്
ഒന്നിലേറെ
കുഴികളെ
വീട് എന്നു വിളിക്കും.

ഗൃഹപാഠം

പാടം

വയറിന്റെ
തീപിടുത്തത്തിന്‌
കാക്കിയൂണിഫോമിട്ട്
ഗുണ്ടുമണിപോലുരുണ്ട്
നിരന്നുവരുന്നുണ്ട്
അഗ്നിശമനസേനാംഗങ്ങളുടെ
സൈന്യവ്യൂഹം.

മില്ല്

യൂണിഫോമെല്ലാം
അഴിച്ചുവെച്ച്
പെൻഷൻപറ്റി
തീയിലേക്കുചാടാൻ
ഒരുങ്ങുന്നുണ്ട്
ഗുണ്ടുമണികൾ

വെന്തുപോകുന്നതിൻമുൻപ്
ഇങ്ങനെയെത്ര ഗൃഹപാഠങ്ങൾ