Saturday, March 24, 2012

നിറം പിടിപ്പിക്കാനുള്ള ചിത്രങ്ങള്‍


താഴെക്കാണുന്ന
വാക്കുകള്‍ കൂട്ടിയോജിപ്പിക്കുമ്പോള്‍
കിട്ടുന്ന ചിത്രത്തിന്
അനുയോജ്യമായ
നിറം കൊടുക്കുമോ?

ഇലകളായി തുള്ളിത്തീരാഞ്ഞ
ഉള്ളിലെപ്പച്ചയെ
പുകകൊണ്ടെങ്കിലും
എഴുതിയേ അടങ്ങൂ
എന്നുനിന്നുകത്തുന്നമരത്തിനെ
ഫോട്ടോഷോപ്പില്‍ വരച്ച്
കാലം എന്നു പേരുവെയ്ക്കുന്ന കുട്ടി

ദൂരേക്ക് എത്ര ഓടിപ്പോയിട്ടും
പിന്‍‌വശം മറഞ്ഞുതീരാത്ത ബസിന്
മുന്‍‌വശമെന്നു കരുതി കൈന്നീട്ടുന്ന വൃദ്ധന്
ജീവിതം എന്നു പേരുകൊടുക്കുന്ന ജ്ഞാനി

ഇട്ടിട്ടുപിഞ്ഞിയ കാലുറയ്ക്കുള്ളിലേക്ക്
ശരീരം വലിച്ചുചുരുക്കി
വിശപ്പിനുമേല്‍ തെളിയുന്ന
വെളിച്ചത്തിന് ഭ്രാന്ത് എന്നു പുലമ്പുന്ന
ജനക്കൂട്ടം

വാക്കിറുന്നുപോയ മേല്‍കൂരയ്ക്ക്
നിറം കൊണ്ട് ഓട്ടയടക്കുന്ന
വിരുതന്മാരുടെ പ്രദര്‍ശനം
 ഉദ്ഘാടനം ചെയ്യുന്ന കവി.

Sunday, March 18, 2012

ഒളിനേരം

മരണത്തിന്റെ കൊട്ടാരത്തില്‍ കയറി
രാജാവ് വരും വരെ
ജീവിതമെന്ന്
ഒളിച്ചിരിക്കുന്നവരേ
ജനനം എന്നൊന്ന്
ഭൂമിയില്‍ ഇല്ലേയില്ല
ഓരോ പിറവിയും
മരണത്തിന്റെ നടിച്ചിലാണ്
മരണം നട്ടുകായ്ക്കുന്ന
വൃക്ഷമാണ് ഭൂമി
ഒപ്പം നില്‍ക്കാന്‍
ഒറ്റപ്രജപോലുമില്ലാത്ത രാജാവേ
നീ തന്നെയാണ് രാജാവ് !

Monday, March 12, 2012

പ്രണയമേ....!

ആറ്റിറമ്പിലെ
മണലുപോലെന്നെ
മിനുക്കി മിനുക്കി
വേരുകളെല്ലാം തെളിച്ച് തെളിച്ച്
പളുങ്കുകുതിരപോലെ
തുടിച്ചു തുടിച്ചു വരിക പ്രണയമേ....!

Wednesday, March 7, 2012

അച്ചടക്കം

ഇട്ടുനടന്ന്
ചുമന്നുതോറ്റ
ഇത്രയും ഭാരങ്ങളുടെ
ഉടുപ്പാണ്
ഈ അച്ചടക്കം

Monday, March 5, 2012

കുടി

അച്ഛന്‍ 
നീന്തിത്തുടിച്ച്
കുടിച്ചുവറ്റിച്ച പുഴയില്‍ 
മുങ്ങിമരിച്ച‌‌‌‌ത്‌ 
അമ്മയും മക്കളും 
തൊണ്ടവരണ്ട്
വയറുകാഞ്ഞ്
പ്രാക്കോടെ