താഴെക്കാണുന്ന
വാക്കുകള്‍ കൂട്ടിയോജിപ്പിക്കുമ്പോള്‍
കിട്ടുന്ന ചിത്രത്തിന്
അനുയോജ്യമായ
നിറം കൊടുക്കുമോ?
ഇലകളായി തുള്ളിത്തീരാഞ്ഞ
ഉള്ളിലെപ്പച്ചയെ
പുകകൊണ്ടെങ്കിലും
എഴുതിയേ അടങ്ങൂ
എന്നുനിന്നുകത്തുന്നമരത്തിനെ
ഫോട്ടോഷോപ്പില്‍ വരച്ച്
കാലം എന്നു പേരുവെയ്ക്കുന്ന കുട്ടി
ദൂരേക്ക് എത്ര ഓടിപ്പോയിട്ടും
പിന്‍വശം മറഞ്ഞുതീരാത്ത ബസിന്
മുന്‍വശമെന്നു കരുതി കൈന്നീട്ടുന്ന വൃദ്ധന്
ജീവിതം എന്നു പേരുകൊടുക്കുന്ന ജ്ഞാനി
ഇട്ടിട്ടുപിഞ്ഞിയ കാലുറയ്ക്കുള്ളിലേക്ക്
ശരീരം വലിച്ചുചുരുക്കി
വിശപ്പിനുമേല്‍ തെളിയുന്ന
വെളിച്ചത്തിന് ഭ്രാന്ത് എന്നു പുലമ്പുന്ന
ജനക്കൂട്ടം
വാക്കിറുന്നുപോയ മേല്‍കൂരയ്ക്ക്
നിറം കൊണ്ട് ഓട്ടയടക്കുന്ന
വിരുതന്മാരുടെ പ്രദര്‍ശനം
ഉദ്ഘാടനം ചെയ്യുന്ന കവി.